ന്യൂഡൽഹി: മകന് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്ന് ഭീകര ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിസ്വാന്റെ പിതാവ് നിസാമുദ്ദീൻ. ” ഞങ്ങൾ ഈ രാജ്യത്തെ പൗരൻമാരാണ്, ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നു. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം,” സർക്കാർ സർവീസിൽ നിന്നും വിരമിച്ച നിസാമുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുശിനഗർ സ്വദേശി റിസ്വാനെ അറസ്റ്റ് ചെയ്തത്. റിസ്വാന് ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. നിലവിൽ റിസ്വാൻ ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണ്.
തീവ്രവാദ സംഘടനകളുമായി റിസ്വാന് ബന്ധം
2016 ൽ ഐസിസ് ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്‌ട്ര എടിഎസ് റിസ്വാനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2017 മുതൽ 2023 വരെ ഇയാൾ ജയിലിലായിരുന്നു. ജയിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ഫാസ്റ്റ് ഫുഡ് ഷോപ്പ് ആരംഭിച്ചു. ഇതിന്റെ മറവിലായിരുന്നു പിന്നീട് ഭീകരപ്രവർത്തനം.
അയാസ് സുൽത്താൻ എന്ന യുവാവിനെ ഐഎസിസിൽ ചേരാൻ ഇന്ത്യ വിടാൻ സഹായിച്ച സംഘത്തിലെ പ്രധാനിയാണ് റിസ്വാൻ. ജയിലിൽ നിന്ന് പുറത്തിറങ്ങി ശേഷവും ഇയാൾ ഭീകര പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്നുവെന്ന് അധികൃതർ പറഞ്ഞു.















