ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഈ ആഴ്ച പെയ്‌തേക്കാവുന്ന കനത്ത മഴയെത്തുടര്‍ന്ന് പകല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന രണ്ട് ‘പടിഞ്ഞാറന്‍ അസ്വസ്ഥതകള്‍’ (Western Distrubances) തുടര്‍ച്ചയായി എത്തുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.
ഏപ്രില്‍ 7-8 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴയും കാറ്റും ശക്തമാകും. ഇത് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയ്‌ക്ക് കാരണമായേക്കാം. ഏപ്രില്‍ 6 വരെ ഉത്തരേന്ത്യയില്‍ താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാം. എന്നാല്‍ ഏപ്രില്‍ 7, 8 തീയതികളില്‍ താപനിലയില്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് വരെ പെട്ടെന്ന് കുറവുണ്ടാകും. തുടര്‍ന്ന് ഏപ്രില്‍ 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വീണ്ടും ചൂട് വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ട്.
വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പടിഞ്ഞാറന്‍ അസ്വസ്ഥതയ്‌ക്ക് പുറമെ, ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും റായലസീമയ്‌ക്ക് മുകളിലുള്ള അന്തരീക്ഷ ചുഴിയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്ക് കാരണമാകും. ഏപ്രില്‍ 9 വരെ മധ്യ ഇന്ത്യ, കിഴക്കന്‍ ഇന്ത്യ, ഉപദ്വീപീയ ഇന്ത്യ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, സിക്കിം, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കും.
മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ രൂപപ്പെട്ട് കിഴക്കോട്ട് സഞ്ചരിക്കുന്ന ഒരു അധിക ഉഷ്ണമേഖലാ ചക്രവാതമാണ് പടിഞ്ഞാറന്‍ അസ്വസ്ഥത. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പെട്ടെന്നുള്ള മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും കാരണമാകുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ഏഴ് ദിവസത്തേക്ക് പകല്‍ താപനില സാധാരണ നിലയിലോ അതില്‍ താഴെയോ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗള്‍ഫ് ഓഫ് മാന്നാര്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയും നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്.














