ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളുമായി കേന്ദ്ര മന്ത്രാലയം. ഗാര്‍ഹിക സിലിണ്ടറുകളുടെ ബുക്കിംഗില്‍ നിയന്ത്രണം വന്നതോടെ ബുദ്ധിമുട്ടിലായ ഉപഭോക്താക്കള്‍ക്കായി 5 കിലോ സിലിണ്ടറുകളുടെ വിതരണം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ ഇല്ലാത്തവര്‍ക്കും സിലിണ്ടറുകള്‍ തീര്‍ന്നുപോയവര്‍ക്കും പെട്ടെന്ന് ലഭ്യമാകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
യാതൊരു മുന്‍കൂര്‍ അപേക്ഷയുമില്ലാതെ തിരിച്ചറിയല്‍ രേഖ മാത്രം നല്‍കി ആര്‍ക്കും 5 കിലോ സിലിണ്ടറുകള്‍ സ്വന്തമാക്കാം. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ മാത്രം രാജ്യത്ത് 6.6 ലക്ഷം ചെറുകിട സിലിണ്ടറുകള്‍ വിതരണം ചെയ്തു. ശനിയാഴ്ച മാത്രം 90,000 എണ്ണമാണ് വിതരണം ചെയ്തത്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയിലേക്കുള്ള എല്‍പിജി വരവ് തടസ്സമില്ലാതെ തുടരുന്നുണ്ട്. 46,650 മെട്രിക് ടണ്‍ പാചകവാതകവുമായി ഈ കപ്പല്‍ കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്ക് പിന്നിട്ടു.
20,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഈ ടാങ്കര്‍ ഉടന്‍ ഇന്ത്യയിലെത്തും. പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്തെത്തുന്ന എട്ടാമത്തെ ടാങ്കറാണിത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 51 ലക്ഷത്തിലധികം സിലിണ്ടറുകള്‍ വീടുകളിലെത്തിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ ലഭ്യതയില്‍ ഒരു കുറവും വരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ സിലിണ്ടറുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ഈ പുതിയ നീക്കങ്ങള്‍ വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. ഒന്നിലധികം സിലിണ്ടറുകള്‍ ഇല്ലാത്ത സാധാരണക്കാര്‍ക്ക് അടിയന്തര ഘട്ടത്തില്‍ 5 കിലോ സിലിണ്ടറുകള്‍ പ്രയോജനപ്പെടുത്താം.














