കൊല്ലം: തങ്കശ്ശേരി പോർട്ട് പരിസരത്ത് എൻഡിഎ സ്ഥാനാർഥി ഡോ. എൻ. പ്രതാപ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാജാഥയ്‌ക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം. തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടെ ഒരു സംഘം സിപിഎം പ്രവർത്തകർ എത്തുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു.
ഇടത്-വലത് മുന്നണികളുടെ അഴിമതി പ്രമേയമാക്കി അവതരിപ്പിച്ച തെരുവ് നാടകത്തിനെതിരെയാണ് സിപിഎമ്മിന്റെ അതിക്രമം. നാടകം തടഞ്ഞ സിപിഎം പ്രവർത്തകർ, സ്ത്രീകൾ ഉൾപ്പെടെയുള്ള കലാകാരന്മാരെ മോശം ഭാഷയിൽ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്തു.
പ്രമുഖ കലാകാരന്മാരായ മധു സാഗർ, രാജേഷ് ആലപ്പി, സത്യൻ ശങ്കർ മാവേലിക്കര, ശിവപ്രസാദ് അടൂർ, മഞ്ജു, അഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് നാടകം അവതരിപ്പിച്ചു കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ഭയമാണ് സിപിഎമ്മിനെ ഇത്തരം അക്രമങ്ങളിലേക്ക് നയിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു.















