കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. വിമാനത്താവളത്തിലെ 51-ാം നമ്പര്‍ പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. ഗുവാഹത്തിയിലേക്ക് പുറപ്പെടാനായി തയ്യാറെടുത്തിരുന്ന വിമാനത്തിന്റെ എഞ്ചിന് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേ 51ലാണ് അപകടം നടന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ 6ഇ 6663 എന്ന് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്താണ് വാഹനം ഇടിച്ചത്. ഇതേത്തുടര്‍ന്ന് വിമാനം സര്‍വീസില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്യുകയും വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി മാറ്റുകയും ചെയ്തു.
ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിമാനം വീണ്ടും പറക്കല്‍ നടത്തുകയുള്ളൂ എന്ന് ഇന്‍ഡിഗോ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. റണ്‍വേയിലേക്ക് മാറ്റുന്നതിന് മുന്‍പുള്ള പരിശോധനകള്‍ക്കായി ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് ഈ അപ്രതീക്ഷിത കൂട്ടിയിടിയുണ്ടായത്. യാത്രക്കാര്‍ക്ക് മറ്റ് തടസ്സങ്ങള്‍ നേരിട്ടോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.















