ഭുവനേശ്വര്‍: ഒഡീഷയിലെ കിഴക്കന്‍ മേഖലയില്‍ സജീവമായ കന്നുകാലി കടത്ത് മാഫിയാ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ വന്‍ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയും ആയുധങ്ങളും പിടിച്ചെടുത്തു. മയൂര്‍ഭഞ്ച്, ബാലസോര്‍, ഭദ്രക് എന്നീ ജില്ലകളിലെ 32 കേന്ദ്രങ്ങളില്‍ ഒരേസമയമാണ് പോലീസ് പരിശോധന നടത്തിയത്. റെയ്ഡില്‍ 50 ലക്ഷത്തിലധികം രൂപ, വന്‍തോതില്‍ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍, തോക്കുകള്‍, മാരകായുധങ്ങള്‍, കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഈസ്റ്റേണ്‍ റേഞ്ച് ഡിഐജി പിനാക് മിശ്രയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ‘ഓപ്പറേഷന്‍’. കന്നുകാലി മോഷണവും കടത്തും സംബന്ധിച്ച കര്‍ഷകരുടെ തുടര്‍ച്ചയായ പരാതികളെത്തുടര്‍ന്നാണ് പോലീസ് ഈ നീക്കം നടത്തിയത്. 18 പ്ലാറ്റൂണ്‍ പോലീസ് സേനയെയാണ് ദൗത്യത്തിനായി വിന്യസിച്ചത്. 8 അഡീഷണല്‍ എസ്പിമാര്‍, 17 ഡിവൈഎസ്പിമാര്‍, 25 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സംഘം ഈ സംയുക്ത നീക്കത്തില്‍ പങ്കെടുത്തു.
ഇതുവരെ 50 ലക്ഷം രൂപ പിടിച്ചെടുത്തു. പണം എണ്ണുന്നത് തുടരുന്നതിനാല്‍ തുക ഇനിയും ഉയര്‍ന്നേക്കാം. റെയ്ഡുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭദ്രക് ജില്ലയില്‍ നിന്ന് ആറ് പേരും ബാലസോറില്‍ നിന്ന് നാല് പേരും മയൂര്‍ഭഞ്ചില്‍ നിന്ന് അഞ്ച് പേരുമാണ് പിടിയിലായത്. പ്രധാന പ്രതികളില്‍ ഒരാളായ ‘ഭല്ല’ എന്നയാളെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭദ്രക് പോലീസ് സാഹസികമായി പിടികൂടി.
അയല്‍സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് കന്നുകാലികളെ കടത്തുന്നതിനുള്ള പ്രധാന ഇടനാഴികളാണ് ബാലസോറും മയൂര്‍ഭഞ്ചും എന്ന് പോലീസ് തിരിച്ചറിഞ്ഞു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും സാമ്പത്തിക രേഖകളും പരിശോധിക്കുന്നതിലൂടെ അന്തര്‍സംസ്ഥാന ബന്ധമുള്ള കൂടുതല്‍ ക്രിമിനല്‍ സംഘങ്ങളിലേക്ക് എത്താന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. കന്നുകാലി കടത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ഡിഐജി പിനാക് മിശ്ര വ്യക്തമാക്കി.















