ചിക്ക്മംഗളൂരു: കുടകിൽ ട്രെക്കിംഗിനായി എത്തിയ ശരണ്യ എന്ന കേരള പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നാലെ കർണ്ണാടകത്തിൽ മറ്റൊരു പെണ്കുട്ടിയെക്കൂടി വനത്തിൽ കാണാതായി. ചിക്ക്മംഗളൂരുവിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുളയനഗരിയിലേക്ക് യാത്ര പോയ 14 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായതായിട്ടാണ് റിപ്പോർട്ട്.
പാലക്കാട് സ്വദേശിനിയായ നന്ദനയാണ് കാണാതായ പെൺകുട്ടി. മാതാപിതാക്കൾ ഉൾപ്പെടെ 40 ഓളം പേരടങ്ങുന്ന സംഘവുമായുള്ള യാത്രയിലായിരുന്നു അവർ. ചന്ദ്രദ്രോണ പർവതനിരയിലെ മാണിക്യധാരയ്‌ക്ക് സമീപമാണ് ഇന്നലെ വൈകുന്നേരമാണ് പെൺകുട്ടിയ കാണാതായത് സംഭവം. പെൺകുട്ടിയുടെ കുടുംബവും പോലീസും തിരച്ചിൽ ആരംഭിച്ചു.
മാണിക്യധാര വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു കുന്നിൻ പ്രദേശത്ത് വൈകുന്നേരം 6 മണിയോടെ നന്ദന ടീമിൽ നിന്ന് വേർപിരിഞ്ഞു. കുട്ടി അടുത്തെവിടെയെങ്കിലും ഉണ്ടാകും തിരികെ വരുമെന്ന് ആദ്യം കരുതിയ മാതാപിതാക്കളും ടീം അംഗങ്ങളും സമയം കടന്നുപോകുന്തോറും കൂടുതൽ പരിഭ്രാന്തരായി.
നാട്ടുകാരും മറ്റ് വിനോദസഞ്ചാരികളും ആരംഭിച്ച തിരച്ചിൽ രാത്രി 8 മണി വരെ തുടർന്നു , എങ്കിലും കനത്ത മൂടൽമഞ്ഞും ഇരുട്ടും കാരണം ഒരു സൂചനയും ലഭിച്ചില്ല. കുത്തനെയുള്ള ചരിവുകളും ഇടതൂർന്ന പുൽമേടുകളും നിറഞ്ഞ പ്രദേശമാണിത്, ഇത് തിരച്ചിലിന് വലിയ തടസ്സമായി. പിന്നീട് അവർ പോലീസിൽ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും രാത്രി മുഴുവൻ തിരച്ചിൽ നടത്തി. പുലർച്ചെ 4:30 വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി. എന്നാൽ, പെൺകുട്ടിയെ കണ്ടെത്താനായില്ല. ദുരന്തനിവാരണ സംഘം രാവിലെ തന്നെ എത്തി ഓപ്പറേഷൻ ആരംഭിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു.















