ന്യൂഡല്‍ഹി: യുദ്ധക്കളത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ അത്യാധുനിക ‘റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍’ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ. ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) ഉപയോഗിച്ചുള്ള ഈ രക്ഷാദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി വീശി. യുദ്ധമുഖത്തോ മറ്റ് അപകട മേഖലകളിലോ കുടുങ്ങിപ്പോകുന്ന സൈനികരെയും വിമാന ജീവനക്കാരെയും രക്ഷിക്കാനാണ് ഈ ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഹെലികോപ്റ്ററുകള്‍ അയക്കുന്നത് അപകടകരമായ സാഹചര്യങ്ങളില്‍, പൈലറ്റുമാരുടെ ജീവന്‍ പണയപ്പെടുത്താതെ തന്നെ ഈ ആളില്ലാ വിമാനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാകും.
റണ്‍വേയുടെ സഹായമില്ലാതെ എവിടെനിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്നസംവിധാനമാണ് ഇതിന്റെ പ്രത്യേകത. ഒരേസമയം നാല് യാത്രക്കാരെയോ സ്‌ട്രെച്ചറുകളെയോ വഹിക്കാന്‍ ശേഷിയുണ്ട് (ഏകദേശം 400 കിലോഗ്രാം ഭാരം). സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഇവയ്‌ക്ക് സാധിക്കും. 200 കിലോമീറ്റര്‍ ചുറ്റളവില്‍ 45 മിനിറ്റ് വരെ നിരീക്ഷണ ദൗത്യങ്ങളില്‍ ഏര്‍പ്പെടാനും ഇവയ്‌ക്ക് കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവയ്‌ക്ക് ഉപഗ്രഹ സഹായമില്ലാത്ത സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യസ്ഥാനം കണ്ടെത്താനാകും.
‘മേയ്‌ക്ക്-ഐ’ പദ്ധതിയുടെ ഭാഗമായാണ് ഇത് വികസിപ്പിക്കുന്നത്. ഇതിന്റെ വികസന ചെലവിന്റെ 70 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കി 30 ശതമാനം ഇന്ത്യന്‍ സ്വകാര്യ കമ്പനികളും വഹിക്കും. തുടക്കത്തില്‍ 50 ശതമാനം ആഭ്യന്തര ഘടകങ്ങള്‍ ഉപയോഗിക്കുമെങ്കിലും ഭാവിയില്‍ ഇത് പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് പുറമെ, സാധാരണ ഹെലികോപ്റ്ററുകള്‍ക്ക് എത്താന്‍ പ്രയാസമുള്ള ഹിമാലയന്‍ മലനിരകളിലെ സൈനിക പോസ്റ്റുകളിലേക്ക് ആയുധങ്ങളും ഭക്ഷണവും എത്തിക്കാനും ഈ ഡ്രോണുകള്‍ ഉപയോഗിക്കാം. പ്രതിരോധ മേഖലയില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തിലെ നിര്‍ണ്ണായക ചുവടുവെപ്പാണിത്.















