കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന വാദം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിനെ ബാധിക്കുന്ന തരത്തിൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ലെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി.
സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് ആധാരമെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. നടിയുടെ അഭിനയത്തിലെ പോരായ്മകൾ താൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, സിനിമയിൽ നിന്നും ചില സീനുകൾ വെട്ടിമാറ്റേണ്ടി വന്നുവെന്നും അദ്ദേഹം വാദിച്ചു. ഈ തീരുമാനങ്ങളിലുള്ള വിരോധമാണ് ഇപ്പോൾ പരാതിയായി ഉന്നയിച്ചിരിക്കുന്നതെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.















