മലപ്പുറം : റിസൾട്ട് വരുന്നതിന് മുന്നേ വിലപേശലുമായി മുസ്ളീം ലീഗ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്നുള്ള വാദവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തെത്തി.
സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകളിൽ പുരോഗമിക്കുമ്പോൾ ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്. ഇരുപതിലധികം സീറ്റുകളിൽ വിജയം ഉറപ്പെന്ന് നേതാക്കൾ പറയുന്നു. ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞു വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. അങ്ങനെ ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ല. എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം “അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന്” പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. മുന്നണിയെ ലീഗ് പ്രതിസന്ധിയിലാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് എല്ലാവിധ പിന്തുണയും തങ്ങൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















