ബെംഗളൂരു: വൈറ്റ്ഫീല്‍ഡിലെ ഇമ്മഡിഹള്ളിയില്‍ 13 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ ജീവനൊടുക്കി. സുവര്‍ണ ചന്ദ്രശേഖര്‍ (45), മകള്‍ തരുണ്യ ചന്ദ്രശേഖര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുവര്‍ണയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ ജോലിസ്ഥലത്തുനിന്ന് പലതവണ ഫോണില്‍ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. രാവിലെ 11 മണിയോടെ വീട്ടിലെത്തിയ സഹോദരന്‍, വാതിലില്‍ തട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് സുവര്‍ണയെ ഫാനില്‍ തൂങ്ങിയ നിലയിലും തരുണ്യയെ കട്ടിലില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു.
മകളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സുവര്‍ണ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സുവര്‍ണ കുറച്ചുനാളായി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഇതാകാം ദാരുണമായ പ്രവൃത്തിയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഐടിപിഎല്ലിന് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററാണ് ചന്ദ്രശേഖര്‍. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു തരുണ്യ. ചന്ദ്രശേഖറിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതില്‍ സുവര്‍ണ അതീവ ഉത്കണ്ഠാകുലയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ‘താന്‍ മരിച്ചാല്‍ മകളെ ആര് നോക്കും എന്ന ആശങ്ക സുവര്‍ണ എപ്പോഴും പങ്കുവെച്ചിരുന്നു,’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഇവര്‍ മൂവരും പുറത്തുനിന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. താന്‍ ഏറെ ക്ഷീണിതയാണെന്നും പിറ്റേന്ന് പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ കഴിയില്ലെന്നും സുവര്‍ണ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇതുകാരണം ചന്ദ്രശേഖര്‍ മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. ചൊവ്വാഴ്ച രാവിലെ പുറത്തുനിന്ന് ഭക്ഷണം കഴിച്ച ശേഷം ഇദ്ദേഹം ജോലിക്ക് പോവുകയും ചെയ്തു. പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.















