ന്യൂഡല്‍ഹി: ഇറാന്‍-അമേരിക്ക സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും അപകടമേറിയ സമുദ്രമേഖലകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ സാഹസിക ഡൈവിംഗ് നടത്തി ഇന്ത്യന്‍ ഫ്രീഡൈവിംഗ് അത്ലറ്റ് ബക്‌സ് ഖുറാന. മൈനുകള്‍ വിതറിയ കടല്‍ത്തീരത്ത് ജീവന്‍ പണയപ്പെടുത്തി ഖുറാന നടത്തിയ ഈ ഡൈവിംഗ്, യുദ്ധസമാനമായ സാഹചര്യത്തെ ഒരു കായികവേദിയാക്കി മാറ്റിയിരിക്കുകയാണ്.
സാധാരണഗതിയില്‍ കൂറ്റന്‍ എണ്ണക്കപ്പലുകള്‍ കൊണ്ട് തിരക്കേറിയ ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ നിശബ്ദമാണ്. കപ്പല്‍ ഗതാഗതം നിലച്ചതോടെ കടല്‍വെള്ളം അസാധാരണമാംവിധം തെളിഞ്ഞതായും, ഇതിനുമുമ്പ് 15 തവണ ഇവിടെ ഡൈവിംഗ് നടത്തിയപ്പോഴും കാണാത്ത വിധം വെള്ളത്തിന് പച്ചനിറം കൈവന്നതായും ഖുറാന പറയുന്നു. ‘കടലിനടിയില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് ഡൈവിംഗിന്റെ ഓരോ നിമിഷവും ഭീതി കൂട്ടി. എന്നാല്‍ ഉപരിതലത്തിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും അപ്പുറം പ്രകൃതി തിരിച്ചുപിടിച്ച നിശബ്ദത അതിശയിപ്പിക്കുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധം പ്രകൃതി ഈ മേഖലയെ വീണ്ടെടുത്തതായി ഖുറാന സാക്ഷ്യപ്പെടുത്തുന്നു. ആകാശത്ത് ഫ്‌ലമിംഗോ പക്ഷികളും വെള്ളത്തിന് മുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന ഡോള്‍ഫിനുകളും ഈ യുദ്ധമേഖലയിലെ വേറിട്ട കാഴ്ചകളായി. കപ്പലുകളുടെ ഒഴിഞ്ഞുപോക്ക് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തോതില്‍ ഗുണകരമായിട്ടുണ്ടെന്നും, ധാരാളമായി മീന്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹസികത നിറഞ്ഞ ഈ യാത്രയ്‌ക്കിടയില്‍ കടല്‍മധ്യത്തില്‍ വെച്ച് രണ്ട് പേരെ കണ്ടുമുട്ടിയതായും ഖുറാന വെളിപ്പെടുത്തി. താന്‍ ‘കടല്‍ക്കൊള്ളക്കാര്‍’ എന്ന് വിശേഷിപ്പിച്ച ഇവര്‍ തനിക്ക് ഡീസല്‍ വാഗ്ദാനം ചെയ്തതായി അദ്ദേഹം ഓര്‍ത്തെടുത്തു. അത്യന്തം അപകടകരമായ ഈ ദൗത്യം ഒരു പരിസ്ഥിതി മാറ്റത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം കൂടിയായിരുന്നുവെന്ന് ഖുറാന പറഞ്ഞു. യുദ്ധഭീഷണിയും സാഹസികതയും പ്രകൃതിയുടെ സൗന്ദര്യവും ഒത്തുചേര്‍ന്ന ബക്‌സ് ഖുറാനയുടെ ഈ ഡൈവിംഗ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്.















