നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലാളികളെ മറയാക്കി നടന്ന അക്രമസംഭവങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും വ്യവസായ മേഖലയെ അസ്ഥിരപ്പെടുത്താനും പാകിസ്താന്‍ കേന്ദ്രീകരിച്ച് നടന്ന വന്‍ ഗൂഢാലോചനയാണ് പോലീസ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഏപ്രില്‍ 13-ന് നടന്ന സംഭവങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പാകിസ്താനില്‍ നിന്നുള്ള അക്കൗണ്ടുകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി വി.പി.എന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല, ഇന്ത്യയിലെ വ്യവസായ മേഖലയില്‍ അശാന്തി പടര്‍ത്താനാണ് ലക്ഷ്യമിട്ടത്. വാട്സാപ്പ് ഗ്രൂപ്പുകളും ക്യു.ആര്‍ കോഡുകളും വഴിയാണ് അക്രമത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്.
അക്രമത്തിന് നേതൃത്വം നല്‍കിയ രൂപേഷ് റായ്, മനീഷ ചൗഹാന്‍ എന്നിവരെ പോലീസ് പിടികൂടി. ആദിത്യ ആനന്ദ് എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനുമുമ്പും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പിടിയിലായവരില്‍ ഭൂരിഭാഗം പേരും തൊഴിലാളികളല്ല എന്ന വസ്തുത, സമരം പുറത്തുനിന്നുള്ളവര്‍ ഹൈജാക്ക് ചെയ്തതാണെന്നതിന്റെ തെളിവാണ്. ഇത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സമാധാനപരമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പോലും തൊഴിലാളികളെ അക്രമാസക്തരാക്കാന്‍ പുറത്തുനിന്നുള്ളവര്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 62 പേരെ പിടികൂടി. പോലീസിനെ ആക്രമിച്ചവര്‍ക്കും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി. നോയിഡയിലെ വ്യവസായ വളര്‍ച്ചയെയും വിദേശ നിക്ഷേപങ്ങളെയും തടസ്സപ്പെടുത്തുക എന്നതായിരുന്നു അദൃശ്യ കരങ്ങളുടെ ലക്ഷ്യം. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെയും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും കീഴിലുള്ള സുരക്ഷാ ഏജന്‍സികള്‍ ജാഗരൂകരാണെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. കുറ്റവാളികളെ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കി.















