തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് കേരളത്തിൽ ചുമത്തുന്ന ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്‌ക്കുന്ന ‘ആംനസ്റ്റി സ്‌കീം’ ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപായി മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുന്നത്.
വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in വഴി അപേക്ഷ നൽകി ഫൈൻ അടയ്‌ക്കാവുന്നതാണ്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലുടെയാണ്, 11ലക്ഷം കേസുകളിലായി ഗതാഗത നിയമലംഘനത്തിനുള്ള പിഴ പകുതിയായി കുറയ്‌ക്കാനുള്ള സൗകര്യമൊരുക്കുന്നത്.
ട്രാഫിക് നിയമലംഘനങ്ങൾക്ക് കൃത്യസമയത്ത് പിഴ അടയ്‌ക്കാത്തതിനെത്തുടർന്നാണ് പോലീസും മോട്ടോർവാഹനവകുപ്പും പ്രശ്നപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക. എന്നാൽ, കോടതി പിഴ നിശ്ചയിച്ചിട്ടുളള കേസുകളിൽ ഈ ആനുകൂല്യം ലഭിക്കുകയില്ല.
സംസ്ഥാന സർക്കാരിന്റെ അധികാരമാണ് (കോമ്പൗണ്ടിങ്) ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. ഇതിലൂടെയാണ് പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കുന്നത്. 2024 ഡിസംബർവരെയുള്ള കേസുകളിൽ ഈ ആനുകൂല്യം ഉറപ്പാക്കുന്നു. ഏപ്രിൽ 30-നുള്ളിൽ പിഴക്കുടിശ്ശിക തീർക്കുകയും വേണം.
തുടച്ചയായി ഗതാഗത നിയമം ലംഘിക്കപ്പെടുമ്പോൾ ഭീമമായ തുകയാണ് പിഴയായി ഈടാക്കുന്നത്. ഈ പിഴത്തുക അടയ്‌ക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ട്രാൻസ്‌പോർട്ട് കമ്മിഷണർ ശുപാർശചെയ്തത്. 14 ലക്ഷം ഇ-ചെലാനുകളാണ് അഞ്ചുവർഷത്തിനിടെ ചുമത്തിയത്. മൂന്നുലക്ഷം കേസുകൾ മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്. ബാക്കിയുളളവ വെർച്വൽ, സി.ജെ.എം. കോടതികളുടെ പരിഗണനയിലാണുളളത്. പോലീസും മോട്ടോർവാഹനവകുപ്പും ഇവ തിരിച്ചെടുത്ത് തീർപ്പാക്കാനായി ഉടൻ തന്നെ അദാലത്തുകൾ സംഘടിപ്പിക്കും.















