പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് ഹർജി തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത ഇന്നലെ നേരിട്ട് കോടതിയിലെത്തി ദുരാനുഭവം വിസ്തരിച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും പ്രശോഭിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും അടക്കം യുവതി പരാതി നൽകിയിരുന്നു. നിലവിൽ പ്രശോഭ് ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രശോഭിനെ സംരക്ഷിക്കാൻ പൊലീസ് ഒത്താശ ചെയ്തെന്ന ആരോപണം ശക്തമാണ്.
നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് വത്സൻ. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ഗുളിക എത്തിച്ച് നൽകിയെന്നും ദളിത് യുവതി മൊഴി നൽകിയിരുന്നു. പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.














