തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത്.
ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28),ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് അറസ്റ്റിലായത്. ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണിവർ. കഴിഞ്ഞ ദിവസം നോയിഡയിൽ എത്തിയ പൊലീസ് സാഹസികമായാണ് ഇവരെ കുടുക്കിയത്. നിതിൻ രാജിന്റെ അധ്യാപികയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നോയിഡയിൽ വലിയൊരു ഐടി സ്ഥാപനത്തിന് സമാനമായ രീതിയിലാണ് ലോൺ ആപ്പിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. 36 ശതമാനമാണ് ഇവർ ഈടാക്കിയിരുന്ന പലിശ. ലോൺ തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്താനായി പ്രത്യേക വിഭാഗം തന്നെ ഇവിടെയുണ്ട്. ഒരേ സമയം 35 ലേറെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ സജ്ജീകരണവുമുണ്ട്. ഇതുവഴിയാണ് പല നമ്പറിൽ നിന്നായി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്.
അമ്മയുടെ ചികിത്സ ചെലവിനായി നിതിൻ ലോൺ ആപ്പിൽ നിന്നും പണം കടമെടുത്തിരുന്നു. നിതിൻ രാജ് ജീവനൊടുക്കിയ ഏപ്രിൽ 9 ന് ആപ്പിൽ നിന്ന് 98 ഭീഷണി സന്ദേശങ്ങളാണ് എത്തിയത്. നിതിന്റെ ടീച്ചറായ ലതയ്‌ക്കും ആപ്പിൽ നിന്നും സന്ദേശം എത്തിയിരുന്നു. ടീച്ചറിന്റെ നമ്പർ വായ്പ എടുക്കുമ്പോൾ നിതിൻ റഫറൻസ് ആയി നൽകിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ടീച്ചർക്ക് നിരന്തരം ഭീഷണി സന്ദേശവും കോളുകളും എത്തി. തുടന്ന് ടീച്ചർ പരാതി നൽകാൻ തയ്യാറെടുത്തിരുന്നു. ഇതിനിടെ പ്രിൻസിപ്പൽ നിതിൻ രാജിനെ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിതിനെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.















