ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പില്‍ വി ഡി സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍ മാത്രമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് പറഞ്ഞ നടേശന്‍ രമേശ് ചെന്നിത്തലയെ അപ്രസക്തന്‍ ആക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കുമെന്ന് കരുതി കോണ്‍ഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുണ്ടായ ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കെ സി വേണുഗോപാല്‍ അയോഗ്യനാണ് എന്ന് താന്‍ പറയില്ല. ആരാണ് യോഗ്യന്‍ എന്നും പറയില്ല. കോണ്‍ഗ്രസിന്റെ അത്യുന്നത പദങ്ങളില്‍ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. ജയിച്ചു വന്നാല്‍ കോണ്‍ഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണ്.
ശബരിമലയിലെ ഈ ഡി അന്വേഷണം സംബന്ധിച്ച്, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാം അവസാനിക്കുമെന്ന് നേരത്തെ താന്‍ പറഞ്ഞതാണ്. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വര്‍ണവും ഉണ്ടാകില്ല” വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
മുസ്ലിം വിഭാഗം സംഘടിച്ച് ശക്തരായി സമ്പത്തും അവകാശങ്ങളും നേടിയെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നതെന്നും ചോദിച്ചു.
മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്നും കുഴപ്പിക്കാന്‍ നോക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.തനിക്ക് പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ നയിക്കുന്നത് പിതാക്കന്മാരാണ്. മുസ്ലീം ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണ്. മതാധിപത്യം അണ് ഇവിടെ ഉളളത്
താന്‍ മാത്രം ജാതി പറഞ്ഞാല്‍ വിവാദം ആകുമെന്നും ബാക്കി എല്ലാവര്‍ക്കും ജാതി പറയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ നീതി എന്ന് പറഞ്ഞാലും ജാതി എന്നാക്കുമെന്നും ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














