തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരൻ ആൽജോയുടെ സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പാമ്പിൻ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിലുള്ള സഹോദരൻ പത്തുവയസ്സുകാരൻ അനോജിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷം അനോജ് ഇപ്പോൾ വെന്റിലേറ്ററിലാണ്. അടുത്ത 72 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടികളെ കടിച്ചത് അതീവ വിഷമുള്ള ശംഖുവരയൻ പാമ്പാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ കടിയേറ്റാൽ മുറിവ് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് നില വഷളാകാൻ കാരണമായെന്നും, പാമ്പുകടിയേറ്റാൽ എത്രയും വേഗം ആന്റി വെനം ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.















