ബെംഗളൂരു: സിലിക്കണ്‍ സിറ്റിയിലെ കാന്റീന്‍ ഭക്ഷണത്തില്‍ നിന്നും മാരകമായ ഭക്ഷ്യവിഷബാധയേറ്റ 97 ജീവനക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വൈകുന്നേരത്തോടെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. രാവിലെയും ഉച്ചയ്‌ക്കുമായി കാന്റീനില്‍ നിന്നും വിളമ്പിയ ഇഡ്ഡലി, വട, സാമ്പാര്‍-റൈസ് എന്നിവയാണ് വില്ലനായത്. സാധാരണഗതിയില്‍ ആരോഗ്യപ്രദമെന്ന് കരുതുന്ന ഇത്തരം വിഭവങ്ങള്‍ വേനല്‍ക്കാലത്ത് ബാക്ടീരിയല്‍ അണുബാധയ്‌ക്ക് സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട ജീവനക്കാരില്‍ ചിലരുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് അവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കാന്റീന്‍ റെയ്ഡ് ചെയ്യുകയും ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്‌ക്കായി പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനാ ഫലം വരുന്നതുവരെ കാന്റീന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ബെംഗളൂരു നഗരത്തിലെ ഭക്ഷ്യസുരക്ഷ വീണ്ടും ചര്‍ച്ചയാവുകയാണ്.
നഗരത്തിലെ വിപണികളില്‍ വില്‍ക്കുന്ന പച്ചക്കറികളില്‍ വിഷാംശമായ ‘ലെഡ്’ കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഇത്രയും വലിയൊരു ഭക്ഷ്യവിഷബാധ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാറുന്ന കാലാവസ്ഥയില്‍ മാവ് പുളിപ്പിച്ചുണ്ടാക്കുന്ന ഇഡ്ഡലി, ദോശ തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.















