ന്യൂഡല്‍ഹി: പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്ത്യന്‍ നാവികസേന ശക്തമാക്കി. ഏപ്രില്‍ 18-ന് നടന്ന പ്രകോപനത്തിന് പിന്നാലെ, ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് നാവികസേന പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇറാന്റെ പ്രധാന എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ സ്ഥിതി ചെയ്യുന്ന ലാറക് ദ്വീപിന് സമീപത്തു കൂടെയുള്ള യാത്ര ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാവികസേനയുടെ അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര തുടരാന്‍ പാടുള്ളൂ.
ഏപ്രില്‍ 18-ന് ‘ജഗ് അര്‍ണവ്’, ‘സന്‍മാര്‍ ഹെറാള്‍ഡ്’ എന്നീ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാനിയന്‍ ഗാര്‍ഡുകള്‍ വെടിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ കപ്പലുകള്‍ യാത്ര ഉപേക്ഷിച്ച് പിന്തിരിഞ്ഞു. വെടിവെപ്പ് നടന്ന ദിവസം തന്നെ കടലിടുക്ക് കടന്ന ‘ദേശ് ഗരിമ’ എന്ന ടാങ്കറിന് നിലവില്‍ ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ സുരക്ഷയൊരുക്കുന്നുണ്ട്. ഏപ്രില്‍ 22-ഓടെ ഈ കപ്പല്‍ മുംബൈയില്‍ എത്തും. നിലവില്‍ 14 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാനായി പേര്‍ഷ്യന്‍ ഗള്‍ഫില്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇവരുമായി നാവികസേന നിരന്തരം ആശയവിനിമയം നടത്തുന്നു.
കടലിടുക്കിന് സമീപം ഏഴോളം യുദ്ധക്കപ്പലുകളെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കടലിടുക്ക് കടന്നുവരുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇവ സുരക്ഷാ കവചമൊരുക്കും. ഹോര്‍മുസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് ലാറക് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്‍ ഈ പ്രദേശം കര്‍ശനമായ നിരീക്ഷണത്തിലാണ് വെച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒമാന്‍ തീരത്തിന് അടുത്തുള്ള പഴയ കപ്പല്‍ ചാലുകളില്‍ മൈന്‍ ഭീഷണി ഉള്ളതിനാല്‍, ഹോര്‍മുസ് – ലാറക് ദ്വീപുകള്‍ക്കിടയിലുള്ള പാതയാണ് താരതമ്യേന സുരക്ഷിതമായി കണക്കാക്കുന്നത്. എങ്കിലും സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനാല്‍ നാവികസേനയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഇനി ഇന്ത്യന്‍ കപ്പലുകളുടെ നീക്കം.















