തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ കിണറ്റില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒന്നര വര്‍ഷമായി ഈ നിര്‍മ്മാണ സൈറ്റിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ച രാവിലെ സമീപത്തെ മറ്റൊരു വീടിന്റെ നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളാണ് കിണറ്റില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി ആഴ്ചയിലൊരിക്കല്‍ മാത്രം വീട്ടില്‍ പോകാറുള്ള ഭാസ്‌കരപിള്ളയെ കഴിഞ്ഞ മൂന്ന് ദിവസമായി ഫോണില്‍ കിട്ടാതിരുന്നിട്ടും ബന്ധുക്കള്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നില്ല.
ജോലിത്തിരക്കിനിടയിലാകും എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് കുടുംബം വിവരമറിയുന്നത്. ഭാസ്‌കരപിള്ള കിണറ്റില്‍ വീണത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.















