ആലപ്പുഴ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ശവക്കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലാണ് പരാതി ഉയർന്നത്.
മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുക്കാൻ ആർ ഡി ഒ കോടതി ഉത്തരവിട്ടു. ഇതിന്റെ അിസ്ഥാനത്തിൽ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.
ഹോംനേഴ്സ് വീട്ടിൽ വച്ച് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായെന്നും പിന്നീട് മരിച്ചു എന്നുമാണ് പരാതി. മാർച്ച് 24നാണ് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തിയത്. മരണത്തിൽ ദുരൂഹതാരോപിച്ച് മകൾ ബിൻസിയും മരുമകളും ലീനയുമാണ് പരാതി നൽകിയത്.
മരണത്തിൽ അസ്വാഭാവിതയുണ്ടെന്നും യേശുദാസിന്റെ സഹോദരൻ ഗബ്രിയേലിനെയും ഹോം നേഴ്സിനും ഇതിൽ പങ്കുണ്ടെന്നും മരുമകൾ ലീന പറഞ്ഞു. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് സൂചന. യേശുദാസിന്റെ സ്വത്ത് വകകൾ സഹോദരൻ തട്ടിയെടുത്തതായും ലീന പറയുന്നു.
അതേസമയം, യേശുദാസിന്റെ മൃതദേഹം പുറത്തെടുത്ത് ‘പോസ്റ്റുമോർട്ടം നടത്താനുള്ള നടപടികൾ ആരംഭിച്ചു. പുലിയൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയുടെ ഭാഗമായ സെല്ലിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ഇവിടെ വെച്ച് തന്നെ പോസ്റ്റുമോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം.















