ഇസ്ലാമാബാദ്: അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം വീണ്ടും നീട്ടി പാകിസ്താന്‍. പുതുക്കിയ ഉത്തരവ് പ്രകാരം മെയ് 24-ന് പുലര്‍ച്ചെ 05:30 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് ആകാശസീമയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വിമാനങ്ങള്‍ക്കും പാക് വ്യോമപാതയില്‍ വിലക്കുണ്ടാകും.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും പാട്ടത്തിനെടുത്ത വിമാനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. യാത്രാ വിമാനങ്ങള്‍ക്ക് പുറമെ സൈനിക വിമാനങ്ങള്‍ക്കും പാക് ആകാശ പരിധിയില്‍ പ്രവേശനം അനുവദിക്കില്ല. 2025 ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും വ്യോമപാതകള്‍ അടച്ചത്. പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ആക്രമണത്തിന് പിന്നാലെ ഏപ്രില്‍ 24-നാണ് പാകിസ്താന്‍ ആദ്യമായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഇതിന് മറുപടിയായി ഏപ്രില്‍ 30 മുതല്‍ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കുന്നതിനും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാകിസ്താനെതിരെ ഇന്ത്യ ഏര്‍പ്പെടുത്തിയ നിലവിലെ വിലക്ക് ഏപ്രില്‍ 24-ന് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍, പഹല്‍ഗാം സംഭവത്തിന് ശേഷം ഓരോ മാസവും നിയന്ത്രണങ്ങള്‍ പുതുക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയും മെയ് 24 വരെ നിരോധനം നീട്ടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ തര്‍ക്കം നീണ്ടുപോകുന്നത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകളെയും യാത്രക്കാരെയും വന്‍തോതില്‍ ബാധിക്കുന്നുണ്ട്. യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ദീര്‍ഘദൂര പാതകള്‍ തിരഞ്ഞെടുക്കേണ്ടി വരുന്നത് ഇന്ധനനഷ്ടത്തിനും വിമാനക്കിക്കറ്റ് നിരക്ക് വര്‍ദ്ധനവിനും കാരണമാകുന്നു. ഒരു വര്‍ഷം പിന്നിടുമ്പോഴും വ്യോമപാത തുറക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.















