പെരിന്തൽമണ്ണ: കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി സ്വദേശി ചേരിക്കല്ലൻ മുൻഷാദിനെ (31) പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഷഹ്നയ്‌ക്ക് 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഓട്ടോ ഡ്രൈവറായ മുൻഷാദും ഷഹ്നയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് പ്രതി ഷഹ്നയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയെക്കുറിച്ചുള്ള അമിതമായ സംശയമാണ് വാക്കുതർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ അറിയിച്ചു.
അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹങ്ങളിൽ രണ്ടുപേർക്കും ഓരോ കുട്ടികളുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരം ബാധിച്ചാണ് മരിച്ചതെന്നാണ് നിലവിലെ വിവരം. എന്നാൽ ഷഹ്നയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ആദ്യഭാര്യയുടെ മരണത്തിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കും.
പ്രതിയുമായി പോലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഷഹ്നയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.















