ലഖ്നൗ: പ്രശസ്ത ഹരിയാനവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹരിയാനവി സംഗീത ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടായിരുന്നു അപ്രതീക്ഷിത വിയോഗം. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിയായ ദിവ്യാങ്ക നിലവിൽ ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലാണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമായത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

ഹരിയാനവി മ്യൂസിക് ഇൻഡസ്ട്രിയിലെ സജീവ സാന്നിധ്യമായിരുന്ന ദിവ്യാങ്ക അമ്പതിലധികം ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള മ്യൂസിക് വീഡിയോകൾ ദിവ്യാങ്കയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 13 ലക്ഷം ഫോളോവേഴ്‌സാണ് ദിവ്യാങ്കയ്‌ക്കുള്ളത്.
രാജ്‌നഗർ എക്സ്റ്റൻഷനിലെ മോക്ഷ് സ്ഥല് ഹിന്ദൂനിൽ രാവിലെ 9:30-ഓടെയാണ് അന്ത്യകർമ്മങ്ങൾ നടന്നത്. സഹോദരൻ ഹിമാൻഷു സിരോഹി ചിതയ്‌ക്ക് തീ കൊളുത്തി. പ്രാദേശിക കലാകാരന്മാരും ആരാധകരും ഉൾപ്പെടെ നിരവധി പേർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.















