തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി നമിത പ്രമോദ്. ബിജീഷ് തന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ലെന്നും സ്വന്തം സഹോദരനെപ്പോലെയായിരുന്നുവെന്നും നമിത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എട്ടു വർഷമായി ബിജീഷ് തന്നോടൊപ്പമുണ്ടായിരുന്നു. ജോലിസ്ഥലത്ത് തനിക്ക് എക്കാലവും സുരക്ഷിതത്വവും സന്തോഷവും അദ്ദേഹം നൽകിയിരുന്നു. ഈ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ബിജീഷിനെ പോലെ ഒരാളെ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ തനിക്ക് നഷ്ടമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നിലെന്ന് നടി പറഞ്ഞു. ഒരു സിനിമാ സെറ്റിലേക്ക് ബിജീഷില്ലാതെ ഇനി എങ്ങനെ പോകുമെന്നറിയില്ലെന്നുളള സങ്കടവും അവർ പങ്കുവെച്ചു.
തൃശ്ശൂർ പൂരത്തിനോട് അത്രയേറെ ആവേശവും സ്നേഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു ഇത്തരത്തിലൊരു ദുരന്തം സംഭവിച്ചത് തന്റെ ഹൃദയം തകർക്കുന്നുവെന്നും കുറിപ്പിലുണ്ട്. നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ വ്യക്തിയായിരുന്നു ബിജീഷ്. ഈ അപ്രതീക്ഷിത വിയോഗത്തിന്റെ ഭാരം താങ്ങാനാകുന്നില്ലെന്നു പറഞ്ഞുകൊണ്ട് നമിത ആദരാഞ്ജലികൾ അർപ്പിച്ചു. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗമായിരുന്നു അദ്ദേഹം. വിസ്മയ മോഹൻലാൽ നായികയാകുന്ന ‘തുടക്കം’ എന്ന ചിത്രത്തിലാണ് ബിജീഷ് അവസാനമായി പ്രവർത്തിച്ചത്.















