കൊച്ചി: കൊച്ചി സിറ്റി പരിധിക്കുളളിൽ വിവിധ കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എഴുപുന്ന ദേശത്ത് നീണ്ടകര കരയിൽ ജൂബിലി നഗറിൽ വളാന്തറ വീട്ടിൽ റോജൻ പോൾ (43)-നെയാണ് നാടുകടത്തിയത്.
കൊച്ചി സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, തോപ്പുംപടി, ഫോർട്ടുകൊച്ചി, പള്ളൂരുത്തി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസിൽ ഇയാൾ പ്രതിയാണ്. റോജൻ പോൾ പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയാണെന്ന് പൊലീസ് വ്യക്തമാക്കി. തുടർ നടപടിയായിട്ടാണ് കാപ്പ ചുമത്തിയത്.
ഇയാളെ നാടുകടത്തിയത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. ആലപ്പുഴ സ്വദേശിയായ ഇയാൾ ഏറെക്കാലമായി കൊച്ചിയിലാണ് താമസിച്ചിരുന്നത്. ആറ് മാസക്കാലം കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ഇവിടെ ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും റോജൻ പോളിന് വിലക്കുണ്ട്.
ഈ ഉത്തരവ് ലംഘിക്കുന്നത് വഴി മൂന്നുവർഷം വരെ ആകാവുന്ന തടവ് ശിക്ഷ ലഭിക്കും. സമൂഹത്തിൽ സുരക്ഷിതമായും സമാധാനപരമായും ജീവിക്കുകയെന്നത് ഓരോ പൗരന്റെയും അവകാശമാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചത്.















