കണ്ണൂര്‍: കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു. ശേഷം മകൻ സ്റ്റേഷനിലെത്തി കീഴടങ്ങി. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്.ഗീതമ്മ കേളകത്ത് മൊണാലിസ എന്ന പേരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
വാക്കുതര്‍ക്കത്തിനൊടുവിൽ കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു എന്ന് പറയപ്പെടുന്നു . കൊലപാതകം നടക്കുന്ന സമയത്ത് ക്രിസ്റ്റിയുടെ അച്ഛൻ തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.
ഗീതയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിവരംലഭിച്ച ശേഷം പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്കാണ് മാറ്റിയത് . ഗീതമ്മയ്‌ക്ക് ഒരു മകള്‍കൂടിയുണ്ട്.















