ആലപ്പുഴ: എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുളള അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോൺ (23) എന്നിവരാണ് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ വലയിലായത്.
1.25 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെത്തിയത്. കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ച KL 82 A 6993 എന്ന നമ്പറിലുള്ള ഡൊമിനർ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി മയക്കുമരുന്ന് കേസുകളിൽ മുൻപും പ്രതിയായ ആളാണ് പിടിയിലായ ശ്രീഹരിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇൻസ്പെക്ടർ സി പി ദിലീപ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ബിനു എം സി, കെ ആർ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് കഞ്ചാവ് ലഭ്യമാകുന്നത് എവിടെ നിന്നുമാണ് എന്നിങ്ങനെയുളള തുടരന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.















