തലശ്ശേരി: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. കേസിലെ ഒന്നാം പ്രതിയായ ഡോ. എന്‍.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയപ്പോള്‍, രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ക്ക് ജാമ്യം അനുവദിച്ചു. ജഡ്ജി വിമല്‍ കുമാറാണ് ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിച്ചത്.
ജാതിയുടെ പേരില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് നിയമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡോ. എന്‍.കെ റാമിന്റെ ശ്രമം കോടതിയില്‍ വിജയിച്ചില്ല. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിക്കുകയായിരുന്നു. അതേസമയം, ഡോ. സംഗീത നമ്പ്യാര്‍ക്കെതിരെ മതിയായ നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. നിതിന്‍ രാജ് അയച്ച ഒരു ചിത്രവും മാനസിക പീഡനത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശവും മാത്രമാണ് പ്രോസിക്യൂഷന് മുന്നിലുണ്ടായിരുന്നത്. കൂടാതെ, സംഭവസമയത്ത് താന്‍ കര്‍ണാടകയിലായിരുന്നുവെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.
കോടതി വിധിക്കെതിരെ നിതിന്‍ രാജിന്റെ പിതാവ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ‘നീതിക്കായുള്ള പോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. ‘വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്റെ മകന് നീതി ലഭിക്കാന്‍ വേണ്ടി എത്ര ദൂരം വേണമെങ്കിലും നിയമപരമായി പോകും. ഈ വിധിക്കെതിരെ ഉടന്‍ തന്നെ മേല്‍ക്കോടതിയെ സമീപിക്കും.’ – നിതിന്‍ രാജിന്റെ പിതാവ് വ്യക്തമാക്കി.
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ മാനസിക സമ്മര്‍ദ്ദമാണ് നിതിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആവര്‍ത്തിച്ചു. ഡോ. സംഗീതയ്ക്ക് ജാമ്യം ലഭിച്ചത് നീതികേടാണെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.















