കാസർഗോഡ്: പടന്നയിലെ ശൈശവ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം. അന്വേഷണത്തിന് എത്തിയ ബാല വിവാഹ നിരോധന ഓഫീസറോടും ചൈൽഡ് അധികൃതരോടുമാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഏപ്രിൽ 13 ന് പടന്ന എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ പള്ളിക്കമ്മിറ്റി സെക്രട്ടറിയും പടന്ന പഞ്ചായത്ത് അംഗവുമായ പി കെ താജുദ്ദീന് എല്ലാം അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഇമാം സംസാരിക്കുന്ന വീഡിയോ ദൃശ്യം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് അറിയില്ലായിരുന്നെന്ന് ഇമാം പറയുന്നത്.
താൻ നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന കാര്യം തനിക്കറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലായിരുന്നു എന്നും അഴിക്കാൽ ജുമാമസ്ജിലെ ഇമാം റഹ്മത്തുളള ഉദ്യോഗസ്ഥരോട് പറയുന്നത്.
ശൈശവ വിവാഹനിരോധന പ്രകാരം പൊലീസ് വരനായ പടന്ന സ്വദേശിയായ പ്രവാസി ഷാബിർ ഷെയ്ഖ് (28), പെൺകുട്ടിയുടെ പിതാവ്, വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഉസ്താദ് റഹ്മത്തുള്ള, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും മസ്ജിദ് സെക്രട്ടറിയുമായ പി.കെ. താജുദ്ദീൻ എന്നിവർക്കെതിരെ കേസെടുത്തുവെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ 13-നായിരുന്നു ഉസ്താദിന്റെ കാർമ്മികത്വത്തിൽ പള്ളിയിൽ വെച്ച് ‘കാനത്ത് കല്യാണം’ നടന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ട് സ്വന്തം മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ പള്ളി സെക്രട്ടറിയുടെ ഒത്താശയോടെ വരന്റെ നാട്ടിലെ പള്ളിയിൽ വെച്ച് വിവാഹം നടത്തിയത്. നാട്ടുകാർ നൽകിയ പരാതിയിൽ ജില്ലാ ശിശുക്ഷേമ വികസന വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് ചന്തേര പൊലീസ് കേസെടുത്തത്.















