ലേ: ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് അഞ്ച് പുതിയ ജില്ലകള്‍ കൂടി രൂപീകരിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഇതോടെ ലഡാക്കിലെ ആകെ ജില്ലകളുടെ എണ്ണം രണ്ടില്‍ നിന്ന് ഏഴായി ഉയര്‍ന്നു. നിലവിലുള്ള ലേ, കാര്‍ഗില്‍ എന്നീ ജില്ലകള്‍ക്ക് പുറമെ താഴെ പറയുന്നവയാണ് പുതിയ ഭരണവിഭാഗങ്ങള്‍. നുബ്ര (Nubra), ഷാം (Sham), ചാങ്താങ് (Changthang), സാന്‍സ്‌കര്‍ (Zanskar), ദ്രാസ് (Drass).
ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 2024 ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ തത്വത്തിലുള്ള അംഗീകാരത്തിനാണ് ഇപ്പോള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഈ തീരുമാനമെന്ന് എല്‍.ജി എക്‌സില്‍ കുറിച്ചു.
വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ വികേന്ദ്രീകരണം സഹായിക്കും. പുതിയ ജില്ലാ ആസ്ഥാനങ്ങള്‍ വരുന്നതോടെ ഭരണപരമായ മേഖലകളിലും സംരംഭകത്വത്തിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുന്നതിനും പുതിയ ജില്ലകളുടെ രൂപീകരണം വഴിയൊരുക്കും.
വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക് (86,904 ചതുരശ്ര കിലോമീറ്റര്‍). എന്നാല്‍ ജനസംഖ്യയില്‍ ഏറ്റവും പിന്നിലുമാണ്. 2019 ഓഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്ന് വേര്‍പെടുത്തി ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നിലവില്‍ ഈ പ്രദേശം. ‘ലഡാക്കിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ചുവടുവെപ്പാണിത്. ഓരോ പൗരനും ഈ തീരുമാനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’ എന്ന് പ്രഖ്യാപനത്തിന് ശേഷം വിനയ് കുമാര്‍ സക്‌സേന (ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍) പറഞ്ഞു.















