തഞ്ചാവൂർ: അഞ്ച് മാസം മുമ്പ് തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ പിന്നാലെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ പ്രതികാരക്കൊല നടന്നത്. കൊല്ലപ്പെട്ട കെ. അജിത് കുമാർ (29) മുൻ പഞ്ചായത്ത് പ്രസിഡന്റായ പുണ്യമൂർത്തിയുടെ മകൾ കാവ്യയെ കഴിഞ്ഞ നവംബറിലായിരുന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പുണ്യമൂർത്തിയും മൂന്ന് ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന കാവ്യയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിലുള്ള പകയാണ് അജിത്തിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ജോലിക്ക് പോവുകയായിരുന്ന കാവ്യയെ വഴിയിൽ തടഞ്ഞുനിർത്തി ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന അജിത് കുമാറിന് ഒരു മാസം മുമ്പാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച് വീട്ടിലെത്തിയ അജിത്തിനെ വകവരുത്താൻ പെൺകുട്ടിയുടെ പിതാവ് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായാണ് വിവരം.
അജിത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പുണ്യമൂർത്തിയും ബന്ധുക്കളായ എം. ലോഗേഷ്, ഡി. രാമലിംഗം, എ. കറുപ്പയ്യ എന്നിവരും ചേർന്ന് അജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം നാലുപേരും അമ്മൻപേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അജിത്തിന്റെ മൃതദേഹം തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.















