കൊല്ലം: നിതിന്‍ രാജിന്റെ ആത്മഹത്യയ്‌ക്ക് പിന്നിലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത് ദളിത് സംഘടന. 52 ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ. ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്.
വാഹനങ്ങള്‍ നിര്‍ബന്ധിതമായി തടയില്ലെന്നും സമാധാനപരമായ പ്രതിഷേധത്തോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാന്‍ ‘രോഹിത് വെമുല നിയമം’ രാജ്യവ്യാപകമായി നടപ്പിലാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക എന്നിവയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.
വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു രംഗത്തെത്തി. മലപ്പുറം കളക്ടറേറ്റിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്ത മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചത് പോലീസുമായി ഉരസലിന് കാരണമായി. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പൊന്നാനി സിവില്‍ സ്റ്റേഷനില്‍ ഔദ്യോഗിക നേതൃത്വത്തിന് പുറമെ നടന്ന സമാന്തര പ്രതിഷേധം കെ.എസ്.യുവിനുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
നാളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കുക. നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി.















