തിരുവനന്തപുരം: കെഎസ്ഇബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ വെറുമൊരു ‘ചതിയന്‍ ചന്തു’വായി മാറിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ബോര്‍ഡിന്റെ കെടുകാര്യസ്ഥതയാണ് സാധാരണക്കാരെ ഇരുട്ടിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതാണ് നിലവിലെ ദുരിതത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ബോര്‍ഡിന് വൈദ്യുതി തിരികെ നല്‍കിയവര്‍ക്ക് അര്‍ഹമായ തുക നല്‍കുന്നില്ല. ബോര്‍ഡിന് വൈദ്യുതി നല്‍കിയവന് പണമില്ല, ജനങ്ങള്‍ക്ക് വൈദ്യുതിയും ഇല്ല എന്ന അവസ്ഥയാണിപ്പോള്‍. കനത്ത ശമ്പളം വാങ്ങുന്ന വെള്ളാനകളായി ഉദ്യോഗസ്ഥര്‍ മാറി. സ്വന്തം നേട്ടങ്ങളില്‍ മാത്രമാണ് ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും താല്‍പ്പര്യമെന്നും സ്ഥാപനം ഉപഭോക്തൃ സൗഹൃദമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ഈ കടന്നാക്രമണം രാഷ്‌ട്രീയ-ഭരണ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ഉദ്യോഗസ്ഥരുടെ തന്നിഷ്ടവും സര്‍ക്കാരുകളുടെ ഉദാസീനതയുമാണ് സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.















