കൊച്ചി: പ്രവാസി യുവതി നൽകിയ പീഡന പരാതിയിൽ റിയാലറ്റി ഷോ താരവും നടനുമായ ഷിയാസ് കരീമിന്റെ വാദങ്ങൾ പൊളിയുന്നു. ഷിയാസ് യുവതിക്കയച്ച ശബ്ദ സന്ദേശങ്ങൾ ജനം ടി വിയ്‌ക്ക് ലഭിച്ചു. യുവതിയോട് ഷിയാസ് കരിം പണം ആവശ്യപ്പെട്ടുന്നതും ലൈംഗിക ചുവയോടെ സംസാരിക്കുന്നതും സംഭാഷണങ്ങളിൽ വ്യക്തമാണ്. ഷിയാസും യുവതിയും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്
മരണം വരെ കൂടെയുണ്ടാകുമെന്ന് ഷിയാസ് യുവതിക്ക് ഉറപ്പ് നൽകുന്നുണ്ട്. ബന്ധം പുറത്തറിയരുത്. കല്യാണത്തിന് മെഹർ വാങ്ങാൻ പത്ത് ലക്ഷം രൂപ വേണമെന്നും പണം അക്കൗണ്ടിൽ വേണ്ടെന്നും യുവതിയോട് ഷിയാസ് കരിം പറയുന്നുണ്ട്.
യുവതിയുടേത് കള്ളപരാതിയാണ് എന്നായിരുന്ന സംഭവം പുറത്തു വന്നതിന് പിന്നാലെ ഷിയാസ് കരീമിന്റെ വാദം. ആരെയും റേപ് ചെയ്തിട്ടില്ലെന്നും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായിട്ടേയുള്ളൂ എന്നും പ്രതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാന്യമായി ജീവിക്കുകയാണെന്നും ഷിയാസ് പ്രതികരിച്ചിരുന്നു.
അതേസമയം, പ്രവാസി യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ഷിയാസിനെതിരെ യുവതി ലൈംഗിക- സാമ്പത്തിക ചൂഷണ പരാതി നൽകിയത്.
ഷിയാസ് കരീം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന് യുവതി പരാതി ചൂണ്ടിക്കാട്ടുന്നു. ഷിയാസ് കരീം പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. യുവതി പരാതി ശരിവെക്കുന്നതാണ് നിലവിൽ പുറത്തു വരുന്ന ശബ്ദസന്ദേശങ്ങൾ.















