കുറ്റ്യാടി: രാത്രി ഉറങ്ങാൻ കിടന്ന പതിനഞ്ചുകാരിയെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊകേരി തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വൈഗയ്‌ക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിനായുള്ള ചികിത്സകൾ നടന്നു വരികയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനുശേഷമേ മരണകാരണത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.















