കൊല്‍ക്കൊത്ത: ബംഗാളില്‍ മമത ബാനര്‍ജിയ്‌ക്ക് തുടര്‍ഭരണം കിട്ടില്ലെന്നും ബിജെപി അധികാരത്തിലെത്തുമെന്നും പ്രധാന എക്സിറ്റ് പോള്‍ സർവേഫലങ്ങള്‍ പ്രവചിക്കുന്നു.മൂന്ന് തവണ തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച മമതയ്‌ക്ക് നാലാമതും ഭരണത്തുടര്‍ച്ച കിട്ടില്ലെന്ന് സര്‍വ്വേകള്‍ പറയുന്നു. മമതയ്‌ക്ക് സ്വാധീനമുള്ള മേഖലകളില്‍ വരെ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ബിജെപിയുടെ ബംഗാളിലെ ജനകീയ നേതാവായ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം.
മാട്രിസ്, പ്രജാപോള്‍, പി-മാര്‍ക്, പോള്‍ ഡയറി എന്നീ എക്സിറ്റ് പോളുകളാണ് ബിജെപി ഭരണത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. വികസനം മുരടിച്ച ബംഗാളിന് ബിജെപി വാഗ്ദാനം ചെയ്ത വികസനമെന്ന മുദ്രാവാക്യം ബംഗാളിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ബംഗാളില്‍ ഫലം കാണുമെന്ന് തന്നെ ഈ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
പിമാര്‍ക് സര്‍വ്വേ പ്രകാരം ആകെയുള്ള 294 സീറ്റുകളില്‍ ബിജെപി 150 മുതല്‍ 175 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു. പ്രജാ പോള്‍ ആകട്ടെ ബിജെപിയ്‌ക്ക് 193 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പറയുന്നത്.
മാട്രിസ് എക്സിറ്റ് പോളാകട്ടെ ബിജെപിയ്‌ക്ക് 146 മുതല്‍ 161 വരെ സീറ്റുകള്‍ ആണ് പ്രവചിക്കുന്നത്. മമതയ്‌ക്ക് 125 മുതല്‍ 140 സീറ്റുകള്‍ വരെയാണ് മാട്രിസ് കണക്കുകള്‍ പറയുന്നത്.
തൃണമൂൽ കോൺഗ്രസും ബിജെപിയും ഇടത് പാർട്ടികളും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്കോണ മത്സരത്തിനാണ് ബംഗാൾ ഇത്തവണ സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷം ബംഗാളിൽ ഒറ്റയ്‌ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസും ഇത്തവണ ഒറ്റയ്‌ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേയ്‌ക്ക് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.















