തൃശൂർ: ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ വെച്ച് തൊഴിലുടമയുടെ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട തൃശൂർ സ്വദേശിനി മരണത്തിൽ ദുരൂഹതയേറുന്നു. ഭാസ്‌കര കാരണവർ വധക്കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിതയാണ് ബെംഗളൂരുവിൽ കൊല്ലപ്പെട്ടത്. ഷെറിന് ജയിൽ ഡി.ഐ.ജി ഉൾപ്പെടെയുള്ളവരുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ കുറിച്ച് സുനിത ജനം ടിവിക്ക് മുൻപിൽ സധൈര്യം വെളിപ്പെടുത്തിയിരുന്നു. സുനിതയുടെ കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടെന്ന സംശയമാണ് ശക്തമാകുന്നത്. സുനിത വെളിപ്പെടുത്തിയ പേരുകളിലേക്കും സംശയം നീളുന്നുണ്ട്.
മാദ്ധ്യമങ്ങൾക്ക് മുൻപിൽ സംസാരിച്ചതിന് പിന്നാലെ സുനിതയെ പിണറായിയുടെ പൊലീസ് നിരന്തരം വേട്ടയാടിയിരുന്നു. ലഹരി വിൽപ്പന ഉൾപ്പെടെ ഒന്നിലധികം കള്ളക്കേസുകളിൽ സുനിതയെ പൊലീസ് പെടുത്തി. കൂടാതെ സ്പെഷൽ ബ്രാഞ്ച് പോലീസ് ഇടക്കിടയ്‌ക്ക് സുനിതയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
പിണറായി സർക്കാർ ശിക്ഷായിളവ് നൽകുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തലുണ്ടായത്. കൂടാതെ ഷെറിന് ലഭിച്ച അനധികൃത പരോളുകളെ കുറിച്ചും വഴിവിട്ട സഹായങ്ങളെ കുറിച്ചും വിവരാവകാശ നിയമപ്രകാരം സുനിത വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജയിൽ ഡിജിപി ക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
നാട്ടിലെ നൂറിലധികം തെരുവുനായ്‌ക്കളെ പരിപാലിച്ചിരുന്ന സുനിത ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിലാണ് ജോലി ചെയ്തിരുന്നത്. മെയ് 3-ന് സ്ഥാപന ഉടമ ദീപക് കൃഷ്ണൻ സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് എതിർത്ത സുനിതയെ ദീപക് അതിക്രൂരമായി മർദിക്കുകയായിരുന്നു. പ്രതിയായ ദീപക് കൃഷ്ണൻ കൊക്കെയ്ൻ കേസിലും സാമ്പത്തിക തട്ടിപ്പിലും ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ്. സുനിതയെ അപായപ്പെടുത്താൻ മുൻപ് അവർ നടത്തിയ വെളിപ്പെടുത്തലുകളിൽ കുടുങ്ങിയ ഉന്നതർ ആരെങ്കിലും ദീപക്കിനെ കരുവാക്കിയതാണോ എന്ന കാര്യത്തിൽ ശക്തമായ ദുരൂഹത നിലനിൽക്കുന്നുണ്ട്.
ഗുരുതരമായി പരിക്കേറ്റ സുനിത ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. താൻ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ഓഡിയോ സന്ദേശം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ദീപക്കിനെ പിടികൂടി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഈ മരണത്തിന് പിന്നിലെ ആസൂത്രിതമായ ഗൂഢാലോചന പുറത്തുവരികയുള്ളൂ.















