മലപ്പുറം: ഊട്ടിയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് സ്വദേശി എടവണ്ണയിൽ വെച്ച് പോലീസ് പിടിയിലായി. തെരട്ടമ്മൽ സ്വദേശി വി.പി. റഹീസിനെയാണ് (34) പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിൽ ബേക്കറി ബിസിനസ് നടത്തുന്നതിന്റെ മറവിലായിരുന്നു ഇയാൾ ലഹരി കടത്ത് നടത്തിയിരുന്നത്. ഊട്ടിയിൽ നിന്നും എടവണ്ണ സീതിഹാജി പാലത്തിന് സമീപമെത്തിയ കാർ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് രജിസ്ട്രേഷൻ കാറിലായിരുന്നു കടത്ത്.
വാഹനത്തിനുള്ളിലെ കാർപെറ്റിന് താഴെ അതീവ രഹസ്യമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഊട്ടിയിൽ നിന്ന് കിലോയ്‌ക്ക് 20,000 രൂപ നിരക്കിൽ വിൽപ്പനയ്‌ക്കായി വാങ്ങിയതാണ് ഈ ലഹരിമരുന്നെന്ന് പ്രതി സമ്മതിച്ചു. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ പ്രതിക്ക് ബേക്കറി ബിസിനസ് ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കച്ചവടത്തിന്റെ മറവിൽ മുൻപും ഇയാൾ ലഹരിക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















