തിരുവനന്തപുരം: കഞ്ചാവുമായി വിഴിഞ്ഞത്തിന് സമീപം രണ്ടുപേർ അറസ്റ്റിൽ. കാസർഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കൽ പാലവയൽ മെയ്യാൽ വലിയ വീട്ടിൽ ജിഷ്‌ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കൽ വീട്ടിൽ സഹലു റഹ്‌മാൻ (36) എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്.
ഇവരുടെ കൈയ്യിൽ നിന്നും 51ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവും പിടികൂടി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി കോവളം, പൂവാർ എന്നിവിടങ്ങളിൽ എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. വാടകയ്‌ക്കെടുത്ത ഐ ട്വൻ്റി കാറിൽ എറണാകുളത്ത് നിന്നെത്തിയ ഇവരെ ഇന്നലെ വൈകിട്ട് 5.30ഓടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്‌ക്കിടയിൽ പിടികൂടുകയായിരുന്നു.
ജിഷ്‌ണുവിന്റെ കൈവശം എംഡിഎംഎയും സഹലുൾ റഹ്മാന്റെ കൈയിൽ കഞ്ചാവ് എന്നിങ്ങനെയാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതിന് മാർക്കറ്റിൽ ഏകദേശം മൂന്നരലക്ഷം രൂപ വിലയുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുളളയാളാണ് വിഷ്ണു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുമെന്നും എക്സൈസ് അറിയിച്ചു.















