ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് നിര്‍ണ്ണായക നേട്ടം കൈവരിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന കേന്ദ്രവും ഇന്ത്യന്‍ വ്യോമസേനയും ചേര്‍ന്ന് അത്യാധുനിക ഗ്ലൈഡ് ആയുധ സംവിധാനമായ ‘താര’യുടെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷ തീരത്തായിരുന്നു പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാധാരണ ബോംബുകളെയും വെടിക്കോപ്പുകളെയും കൃത്യമായ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന അതിനൂതന ആയുധങ്ങളാക്കി മാറ്റാന്‍ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഗ്ലൈഡ് സംവിധാനമാണ് ‘താര’.
സാധാരണ വാര്‍ഹെഡുകളെ കൃത്യതയുള്ള ആയുധങ്ങളായി മാറ്റാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ആധുനികവും എന്നാല്‍ കുറഞ്ഞ ചിലവിലുള്ളതുമായ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുക്കളുടെ കരയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിസര്‍ച്ച് സെന്റര്‍ ഇമ്രത്ത് മറ്റു ഡി.ആര്‍.ഡി.ഒ ലബോറട്ടറികളുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചത്. ഇന്ത്യന്‍ വ്യവസായ മേഖലയുമായി സഹകരിച്ച് ഇതിന്റെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
‘താര’യുടെ വിജയകരമായ പരീക്ഷണത്തില്‍ ഡി.ആര്‍.ഡി.ഒയെയും വ്യോമസേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ ആയുധ നിര്‍മ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ സമീര്‍ വി. കാമത്തും ഈ നേട്ടത്തില്‍ പങ്കാളികളായ ടീമുകളെ പ്രശംസിച്ചു. ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ദൂരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ‘താര’ സജ്ജമാകുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.















