തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ലൈംഗികാതിക്രമം. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
കെ.എസ്.ആർ.ടി.സി ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ കിടക്കുകയായിരുന്ന സ്ത്രീയെയാണ് ആക്രമിച്ചത്. ക്രിമിനൽക്കേസ് പ്രതി ബ്രൂസ്ലി ഷിബുവാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രധാന കഞ്ചാവ് വിൽപ്പനക്കാരനാണ് ഇയാൾ.
കഴിഞ്ഞ കുറച്ചു ദിവസമായി ഇരയായ സ്ത്രീ ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞു തിരിയുന്നുണ്ട്. വെള്ളിയാഴ്ച രാത്രി കാട്ടക്കട ബസ് സ്റ്റാൻഡിലാണ് ഇവർ കിടന്നത്. താൻ ഇവിടെ ബെഞ്ചിൽ കിടക്കുകയാണെന്നും ആരും അടുത്തു വരരുതെന്നും ജീവനക്കാരോട് ഇവർ പറഞ്ഞിരുന്നു. പിന്നീട് യുവതിയെ കാണാതായതോെടെ ജീവനക്കാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ലൈംഗികാതിക്രമം ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീയുടെ അടുത്ത് പ്രതി എത്തുന്നതും ഉറങ്ങി കിടന്ന ബെഞ്ചിൽ വെച്ച് ലൈംഗികാതിക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയെയും പ്രതിയെയും കണ്ടെത്താൻ പൊലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.














