തൃശ്ശൂർ: പുതുക്കാട് നെല്ലിച്ചോട് യുവാവിന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പോട്ട പനമ്പിള്ളിനഗർ സ്വദേശി സിറിൾ ആണ് പിടിയിലായത്. കുഴമ്പള്ളം സ്വദേശി ഡീനസ് ഡേവിസിനെ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡീനസിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്നും ഒരുമിച്ചു കഴിയുന്നതിന് വേണ്ടിയാണ് ഇയാൾ ഡീനസിനെ കൊല്ലാൻ ശ്രമിച്ചതെന്നും സിറിൾ പോലീസിന് മൊഴി നൽകി. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ പുഴം വെള്ളം സ്വദേശി ഡീനസ് (37) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചിരുന്നു. ഹെൽമെറ്റ് ധരിച്ച് മുഖംമറച്ചാണ് പ്രതി എത്തിയത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഡിനിസിനെ പിന്നിലൂടെ എത്തിയ സിറിൾ ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തുകയായിരുന്നു.
തലയ്‌ക്കടിയേറ്റ ഡിനസ് ബോധരഹിതനായി നിലത്ത് വീണിട്ടും തലയ്‌ക്ക് ചുറ്റിക കൊണ്ട് വീണ്ടും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗിയർ സൈക്കിളിൽ അക്രമി രക്ഷപ്പെടുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.















