ആലപ്പുഴ: പാണാവള്ളിയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം കുഴിപ്പറമ്പത്ത് നികർത്ത് വിജയൻ (64) ആണ് അക്രമത്തിന് ഇരയായത്. ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ടാണ് വിജയനെ അതിക്രൂരമായി മർദിച്ചത്.
സംഭവത്തിൽ അയൽവാസി സത്താർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ വിജയനെ നേരത്തെ ആക്രമിച്ചതിന്റെ കേസ് കോടതിയിലുണ്ട്. അതിന്റെ വിരോധമാണ് മർദിക്കാൻ കാരണമെന്നാണ് വിവരം. വിജയനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിച്ചാണ് ആക്രമണം നടത്തിയത്.
64 കാരനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവം കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. താലിബാനെ പോലും വെല്ലുന്ന തരത്തിൽ ഹീനകൃത്യമാണ് അരങ്ങേറിയത്. കേരളത്തിലെ മാറുന്ന പരിതസ്ഥിതിയുടെ നേർചിത്രമാണ്. ആടിന്റെ തലയറുത്ത് കൊണ്ടുളള ആഹ്ലാദപ്രകടനം ഇതിന്റെ ഭാഗമാണ്. പാണാവള്ളിയിലെ സംഭവത്തിൽ സ്ത്രീകളടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇവർ സ്ഥിരം കുറ്റവാളികളാണ്. പ്രതികൾക്കെതിരെ കർശന നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഐക്യവേദി ഭാരവാഹികൾ വ്യക്തമാക്കി.















