കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ ശത്രുതാപരമായ ഡ്രോണുകളെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അല്‍-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തി ലംഘിച്ചെത്തിയ ഡ്രോണുകളെ സൈന്യം നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടെത്തുകയും നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവയെ നേരിടുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പൗരന്മാരുടെയും താമസക്കാരുടെയും ജീവനും ഭീഷണിയാകുന്ന ഏത് സാഹചര്യത്തെയും നേരിടാന്‍ കുവൈറ്റ് സായുധ സേന പൂര്‍ണ്ണ സജ്ജമാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കുവൈറ്റില്‍ ഡ്രോണ്‍ ഉപയോഗത്തിന് നേരത്തെ തന്നെ കര്‍ശന നിയന്ത്രണങ്ങളും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു.















