വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഇവയൊന്നും തൃപ്തികരമല്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഇറാനുമായുള്ള ചർച്ചകളിൽ പ്രധാനമായും രണ്ട് നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്. ഇറാന്റെ പക്കലുള്ള അണുവായുധ നിർമ്മാണ സംവിധാനങ്ങൾ പൂർണ്ണമായും മറ്റൊരു രാജ്യത്തേക്ക് മാറ്റണം. നിലവിൽ 70 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഏകദേശം 450 കിലോ യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കണം. കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രായോഗികമായ നീക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
പശ്ചിമേഷ്യയിലെ സാഹചര്യം വഷളാകുന്നതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിലെ സംഘർഷം കുറയ്‌ക്കുന്നതിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. അതേസമയം, വരാനിരിക്കുന്ന മെയ് 13-ലെ ട്രംപിന്റെ ചൈന സന്ദർശനം ഏറെ നിർണ്ണായകമാണ്. ഈ സന്ദർശനത്തിന് മുന്നോടിയായി പശ്ചിമേഷ്യൻ വിഷയത്തിൽ എന്തെങ്കിലും നിർണ്ണായകമായ പ്രഖ്യാപനങ്ങളോ സൈനിക നീക്കങ്ങളോ ഉണ്ടാകുമോ എന്ന ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.















