തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിന് മുഖ്യമന്ത്രിയായി. വി. ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുസ്ലീം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നോമിനിയാണ് വി. ഡി സതീശൻ എന്ന ആരോപണം നിലനിൽക്കേയാണ് സ്ഥാനാരോഹണം.
കെ. സി വേണുഗോപാലും വീ. ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലായിരുന്നു ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി കസേരയ്‌ക്കുള്ള മത്സരം. കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം സതീശനും എംഎൽഎമാരുടെ ഹൈക്കമാൻഡിന്റെയും പിന്തുണ വേണുഗോപാലിനും അനുകൂലമായിരുന്നു.
സിനിയോറിറ്റി ഉണ്ടായിട്ടും കാര്യമായ പിന്തുണ നേടാത്തതിനാൽ രമേശ് ചെന്നിത്തല ആദ്യഘട്ടത്തിന്റെ അവസാനത്തിൽ തന്നെ ചിത്രത്തിന് പുറത്തായി. പിന്നീട് സതീശനും വേണുഗോപാലും തമ്മിലായി പോരാട്ടം. ഇതിനിടെ ലീഗ് നേരിട്ട് ഹൈക്കാമൻഡിനെ തീരുമാനം അറിയിക്കുകയും ചെയ്തു. ഒടുവിൽ ദിവങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഹൈക്കമാൻഡ് സതീശന് പച്ചക്കൊടി വീശുകയായിരുന്നു.
ഹൈക്കമാൻഡ് തീരുമാനം ശിരസ്സാവഹിക്കുമെന്നും പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ. സി വേണുഗോപാൽ പ്രതികരിച്ചു. ഞാൻ ഇന്നോ ഇന്നലെയോ പാർട്ടിയിൽ വന്ന ആൾ അല്ല. എനിക്ക് പാർട്ടിയാണ് വലുതെന്നും അതൃപ്തി മറച്ചുവെച്ച് വേണുഗോപാൽ പറഞ്ഞു. അതേസമയം, അദ്ധ്യക്ഷ പദവിയടക്കം വൻ വാഗ്ദാനങ്ങൾ നൽകിയാണ് ഹൈക്കാൻഡ് വേണുഗോപാലിനെ അനുനയിപ്പിച്ചതെന്നാണ് സൂചന.
എന്നാൽ തന്നേക്കാൾ ജൂനിയറായ സതീശൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിലേക്കില്ലെന്നാണ് രമേശ് ചെന്നിത്തല നൽകുന്ന സൂചന. ഹൈക്കമാൻഡിനെ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു. ഡൽഹിയിലെ പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല സ്വദേശമായ ഹരിപ്പാട്ടേക്ക് മടങ്ങുകയും ചെയ്തു. അവിടെ നിന്ന് അദ്ദേഹം ഗുരുവായൂരിലേക്ക് പോകും.














