തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരക്കു വേണ്ടിയുള്ള പോരാട്ടത്തിൽ വി ഡി സതീശൻ അനുകൂലികൾ നടത്തിയ പ്രകടനങ്ങളെ രൂക്ഷമായി വിമർശിച്ച് മഹിളാ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്തു വന്നു. രമേശ് ചെന്നിത്തലയോ കെ സുധാകരനോ വിചാരിച്ചാലും അവരുടെ അണികളെ തെരുവിലേക്ക് ഇറക്കിവിടാൻ കഴിയും. അങ്ങനെ ചെയ്യാതിരുന്നത് സംയമനം പാലിച്ചതിനാലാണ്. അത് പരിമിതിയോ വീഴ്ചയോ ആയി കാണരുത്.. ചാനൽ ചർച്ചയിൽ ദീപ്തി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നേടിയ വിജയം സതീശന്റെ നേട്ടമാണെന്ന സതീശൻ ഫാൻസിന്റെ പ്രചാരണത്തിനും ദീപ്തി മറുപടി നൽകി. തെരഞ്ഞെടുപ്പിനെ കൂട്ടായാണ് നേരിട്ടത്. ഒരാൾക്ക് മാത്രം അവകാശപ്പെട്ടതോ ഒരാളുടെ മാത്രം ഗുണംകൊണ്ടോ കിട്ടിയതല്ലെന്നും ദീപ്തി പറഞ്ഞു. മുഖ്യമന്ത്രിക്കായുള്ള ചർച്ച നടക്കുന്നതിനിടെ ഒരു നേതാവിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായെന്നും ദീപ്തി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായി കെ സി വേണുഗോപാലിനെ പിന്തുണച്ചയാളാണ് ദീപ്തി.
===============















