പാലക്കാട്: പൊലീസുകാര്‍ക്കെതിരെ പരസ്യമായ കൊലവിളി ഭീഷണി മുഴക്കിയ സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. വിപിന്‍, പ്രവര്‍ത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 50 പേര്‍ക്കുമെതിരെയാണ് പാലക്കാട് പൊലീസ് നടപടി സ്വീകരിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഭീഷണി പ്രസംഗം നടന്നത്. അന്ന് നടന്ന യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചും പൊലീസിനെതിരെ പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചായിരുന്നു നേതാക്കളുടെ പ്രസംഗം. നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് പൊലീസുകാരുടെ പേരും വിലാസവും എടുത്തുപറഞ്ഞുകൊണ്ട് വിപിന്‍ കൊലവിളി നടത്തിയത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എസ്എഫ്‌ഐ നേതാവിന്റെ പ്രസംഗം വലിയ രാഷ്‌ട്രീയ വിവാദങ്ങള്‍ക്കും പാലക്കാട് വഴിയൊരുക്കിയിട്ടുണ്ട്.















